തിരുവനന്തപുരം: ജോലിയും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി മാർ ഈവാനിയോസ് (ഓട്ടോണമസ്) കോളജിലെ ഇഗ്നോ പഠനകേന്ദ്രം. ജോലി ചെയ്യുന്നവർക്കായി സൗകര്യപ്രദമായ പഠനക്രമത്തിൽ നടത്തുന്ന എംഎസ്്സി കെമിസ്ട്രി പ്രോഗ്രാമിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലഭിക്കുന്നതു മികച്ച പ്രതികരണം.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നത് അധ്യാപകർ ഉൾപ്പെടെയുള്ള ജോലി ചെയ്യുന്നവർക്ക് അക്കാദമിക യോഗ്യത ഉയർത്തുന്നതിനും ഹയർ സെക്കൻഡറി തലത്തിലെ അധ്യാപനത്തിലേക്കു മുന്നേറുന്നതിനും ഏറെ പ്രയോജനകരമാണ്. തൊഴിൽ ഉപേക്ഷിക്കാതെ പഠനം തുടരാൻ കഴിയുന്ന തരത്തിലാണ് മാർ ഈവാനിയോസ് കോളജിലെ ഇഗ്നോ പഠനകേന്ദ്രം പഠനസംവിധാനം ഒരുക്കിയിരിക്കുന്നത്.
പഠിതാക്കളുടെ തൊഴിൽസമയവും സൗകര്യവും പരിഗണിച്ച് വാരാന്ത്യ വൈകുന്നേരങ്ങളിൽ ഓൺലൈൻ ക്ലാസുകളും വാരാന്ത്യങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും നടത്തുന്നുണ്ട്. രസതന്ത്ര പഠനത്തിന്റെ പ്രധാന ഘടകമായ പ്രായോഗിക പരിശീലനത്തിനും ഇഗ്നോ പഠനകേന്ദ്രം പ്രത്യേക പ്രാധാന്യം നൽകുന്നു. പ്രാക്ടിക്കൽ കൗൺസലിംഗ് സെഷനുകളും പ്രാക്ടിക്കൽ പരീക്ഷകളും വർഷത്തിൽ രണ്ടുതവണ മാർ ഈവാനിയോസ് കോളജിൽ തന്നെ നടത്തുന്നു. ഈ ചിട്ടയായ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാർ ഈവാനിയോസ് കോളജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസറും ഇഗ്നോ പഠനകേന്ദ്രം കോ-ഓർഡിനേറ്ററുമായ ഡോ. സുജു സി. ജോസഫ് ആണ്.
അധ്യാപനം, ഗവേഷണം, അക്കാദമിക ഭരണനിർവഹണം എന്നീ മേഖലകളിലെ ദീർഘകാല അനുഭവസമ്പത്തുള്ള ഡോ. സുജു സി. ജോസഫിന്റെ നേതൃത്വത്തിൽ പഠിതാക്കൾക്ക് ആവശ്യമായ അക്കാദമിക മാർഗനിർദേശവും പിന്തുണയും ലഭിക്കുന്നു. ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനം, കൗൺസലിംഗ്, പരീക്ഷാ പ്രവർത്തനങ്ങൾ എന്നിവ കൃത്യതായോടെ ഏകോപിപ്പിക്കുന്നതിലും പഠിതാക്കളുടെ അക്കാദമിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പിന്തുണ ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിനു പ്രധാന പങ്കുണ്ട്.
ഇഗ്നോയിലെ എംഎസ്സി കെമിസ്ട്രി പ്രോഗ്രാമിലേക്ക് ജനുവരി, ജൂലൈ എന്നീ രണ്ടു സെഷനുകളിലായി പ്രവേശനം ലഭിക്കും. ഓരോ സെഷനിലും ഏകദേശം 130 പഠിതാക്കൾ പ്രവേശനം നേടുന്നു. ഓൺലൈൻ - ഓഫ്ലൈൻ ക്ലാസുകൾ, പ്രായോഗിക പരിശീലനം, അക്കാദമിക മാർഗനിർദേശം, പരീക്ഷാ തയാറെടുപ്പ് എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് ഇഗ്നോ പഠനകേന്ദ്രത്തിന്റെ സവിശേഷത. ജോലി, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്കിടയിലും ഉന്നത വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഠനരീതി ഏറെ സൗകര്യപ്രദമാണ്.
ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ignou. ac.in വഴി പ്രവേശനത്തിന് അപേക്ഷിക്കാം. ജോലിയും പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഗുണമേന്മയുള്ള പഠനാന്തരീക്ഷവും ചിട്ടയായ അക്കാദമിക പിന്തുണയും ഒരുക്കി മാർ ഈവാനിയോസ് കോളജിലെ ഇഗ്നോ പഠനകേന്ദ്രം ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ്.